Latest

6/recent/ticker-posts

Header Ads Widget

നിക്ക് വ്യുജിചിച്ച് ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ - നിക്ക് വ്യുജിചിച്ച്-എട്ടു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ജീവിതം മടുത്ത് നിരാശ മുറ്റി പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ്  നിക്ക് വ്യുജിചിച്ച് . രണ്ടു കയ്യും രണ്ടു കാലുമില്ലാത്ത അയാൾക്ക് മുങ്ങി മരിക്കാൻ  വെറും ഒരു ബാത്ത്ടബ് ധാരാളം  മതിയായിരുന്നു.

മറ്റു കുട്ടികളെല്ലാം പൂമ്പാറ്റകളെപ്പോലെ  പാറി നടന്നുല്ലസിക്കുന്നത്  കാണുമ്പോഴൊക്കെ തന്നെ ഈ രൂപത്തിൽ സൃഷ്ടിച്ച ദൈവത്തെ അവൻ  പഴിച്ചിരുന്നു.

 ഓസ്ട്രെലിയയിലെ മെൽബണ്‍ എന്ന സ്ഥലത്താണ് നിക്ക് ജനിച്ചത്. പിറന്നു വീണപ്പോൾ മാതാപിതാക്കന്മാർ തങ്ങളുടെ കുഞ്ഞിന്റെ രൂപം കണ്ട്  ശരിക്കും അമ്പരന്നു പോയി. കൈ തോളിൽ തന്നെ വച്ച് മുറിച്ചു മാറ്റപ്പെട്ടതുപോലെ; കാലുകളുടെ സ്ഥാനത്ത്  കുഞ്ഞു പാദം  പോലെ എന്തോ ഒന്ന് .

 ഡോക്ടർമാർ പറഞ്ഞു: "ഈ അവസ്ഥയ്ക്ക്   'ടെട്രാ അമീലിയ സിൻഡ്രോം' എന്ന് പറയും. വളരെ അപൂർവ്വമായി  കണ്ടു വരുന്ന ഒരു പ്രതിഭാസം. വൈദ്യശാസ്ത്രത്തിനു പ്രതിവിധികൾ ഒന്നുമില്ല. വിധി അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ".

തങ്ങളുടെ മകനെ മുറിക്കുള്ളിൽ തന്നെ ഒരു ഇഴജീവിയെപ്പോലെ വളർത്താൻ ആ മാതാപിതാക്കന്മാർക്ക്  മനസ്സ് വന്നില്ല.

 സ്കൂളിൽ ചേരാൻ പ്രായമായപ്പോൾ അവർ അവനെ സ്കൂളിൽ അയച്ചു. സഹോദരങ്ങൾ രണ്ടു പേരും അവന്  എല്ലാ കാര്യങ്ങൾക്കും സഹായമായി. എങ്കിലും ജീവിതം വല്ലാതെ ദുസ്സഹമായപ്പോഴാണ്  സങ്കടവും നിരാശയും നിറഞ്ഞ് നിക്ക്  പല തവണ ജീവിതമൊടുക്കാൻ തുനിഞ്ഞത്.

പക്ഷേ അവന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ഒടുവിൽ ഒരു നാൾ അവൻ ഒരു തീരുമാനമെടുത്തു.

 🔸താൻ ജീവിതത്തെ വെറുക്കുന്തോറും  തന്നെ ഇത്രമേൽ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും അത് വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. അതു കൊണ്ട്  അവരെ സന്തോഷിപ്പിക്കാൻ ഞാൻ ജീവിതത്തെ സ്നേഹിച്ചു തുടങ്ങും. 🔸

കാലിന്റെ സ്ഥാനത്തുള്ള കുഞ്ഞു വിരലുകൾ കൊണ്ട് അവൻ ഏറെ ക്ലേശിച്ചാണെങ്കിലും എഴുതാനും ചിത്രം വരയ്ക്കാനും ശ്രമിച്ചു തുടങ്ങി. പതിയെ അവൻ നീന്താൻ പഠിച്ചു, ചെറിയ ചില വിനോദങ്ങളിൽ ഏർപ്പെട്ടു, സുഹൃത്തുക്കളായി,  ജീവിതത്തിനു ചെറിയ ഒരു വ്യത്യാസം വന്നതുപോലെ അവനു തോന്നിത്തുടങ്ങി .

പതിമൂന്നു വയസ്സുള്ളപ്പോൾ നിക്കിനെ ഏറെ ചിന്തിപ്പിച്ച ഒരു അനുഭവമുണ്ടായി. എല്ലാ കാര്യങ്ങളും ചെയ്യാൻ അവന് ആകെയുണ്ടായിരുന്ന കുഞ്ഞു പാദത്തിന്  ഗുരുതരമായ മുറിവേറ്റു. പരിക്ക് പറ്റി നിസ്സഹായനായി കിടന്ന നാളുകളിൽ അവൻ ഇങ്ങനെ ചിന്തിച്ചു.

☀"ഇനി മേൽ ഞാൻ എനിക്ക് ഇല്ലാത്തവയെ പറ്റി പരാതിപ്പെടില്ല. ഉള്ളവയെ ഓർത്ത്  ദൈവത്തിനു നന്ദി പറയാൻ ശ്രമിക്കും".☀

ഈ ചിന്ത അവന്റെ ജീവിതത്തെയാകെ സ്വാധീനിച്ചു തുടങ്ങി. ആ നാളുകളെക്കുറിച്ച്  നിക്ക് പറയുന്നതിങ്ങനെയാണ്: 🔸"ഞാൻ ആ ദിവസങ്ങളിൽ ദൈവവുമായി ആഴമേറിയ ഒരു ബന്ധം സ്ഥാപിച്ചു തുടങ്ങി. അന്നു വരെ പഴിച്ചിരുന്ന ദൈവത്തിനു ഞാൻ എല്ലാ കാര്യങ്ങൾക്കും നന്ദി പറഞ്ഞു തുടങ്ങി. രണ്ടു കയ്യും കാലുമില്ലെങ്കിലും അവിടുന്ന് എനിക്കീ സുന്ദരമായ  ഭൂമിയിൽ ഒരു ജീവിതം തന്നിട്ടുണ്ടല്ലോ".🔸

മനോഭാവത്തിൽ വന്ന ഈ വ്യത്യാസം അവന്റെ ജീവിതമാകെ മാറ്റി മറിച്ചു. അന്നു വരെ തനിച്ചിരുന്നു കണ്ണ് നീർ വാർത്തിരുന്ന അവനിപ്പോൾ കുസൃതികൾ കാട്ടി മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ തുടങ്ങി.

⚡മറ്റുള്ളവരുടെ മുഖങ്ങളിൽ പുഞ്ചിരി വിടർത്തുന്നതാണ്  ജീവിതത്തിനു യഥാർഥത്തിൽ അർത്ഥം നല്കുന്നതെന്നു അവൻ തിരിച്ചറിഞ്ഞു.⚡

നിക്കിന്  പതിനേഴു വയസ്സുള്ളപ്പോൾ   സ്കൂളിലെ ഒരു തൂപ്പുകാരൻ അവനോട്  ഒരിക്കൽ ഇങ്ങനെ ചോദിച്ചു: 🔸"നിക്ക്, നിനക്ക്  നിന്റെ ഈ ജീവിതത്തെക്കുറിച്ചും നീ ഇപ്പോൾ അനുഭവിക്കുന്ന സന്തൊഷത്തെക്കുറിച്ചും  മറ്റു കുട്ടികളോട്  പങ്കു വച്ചു കൂടേ! അവരൊക്കെ എന്ത്  നിസ്സാര കാര്യങ്ങളെക്കുറിച്ചാണ് വെറുതെ  വ്യസനിച്ചു കഴിയുന്നത്‌. നീ തീർച്ചയായും അവർക്കൊക്കെ ഒരു പ്രചോദനമാകും".🔸

 അങ്ങനെയാണ് നിക്ക് ആദ്യമായി ഏതാണ്ട് മുപ്പതു കുട്ടികളടങ്ങുന്ന സ്കൂളിലെ ഒരു ചെറിയ ഗ്രൂപ്പിനോട്  തന്റെ കഥ പറഞ്ഞത് .

ഏതാനും നാളുകൾക്കുള്ളിൽത്തന്നെ തന്റെ  ജീവിത കഥ സ്കൂളിലെ മറ്റു ക്ലാസ്സ്‌ റൂമുകളിലും  പങ്കുവയ്ക്കാൻ അധ്യാപകർ അവനെ പ്രേരിപ്പിച്ചു. ഒരിക്കൽ അവന്  ഏതാണ്ട് മുന്നൂറോളം പത്താം ക്ലാസ്സ് വിദ്യാർഥികളടങ്ങുന്ന ഒരു ഗ്രൂപ്പിനോട് സംസാരിക്കാൻ അവസരം കിട്ടി.

 ആദ്യമായി അത്രയും വലിയ ഒരു ഗ്രൂപ്പിനെ അഭിമുഖീകരിച്ച്  സംസാരിച്ചപ്പോൾ വല്ലാതെ ഭയന്നാണത്രേ അവൻ സ്റ്റേജിൽ നിന്നത്. എന്നാൽ, അവൻ സംസാരിച്ചു തുടങ്ങി രണ്ടു മൂന്നു മിനിറ്റുകൾ കഴിഞ്ഞപ്പോൾത്തന്നെ കുട്ടികൾ പലരുടെയും കണ്ണുനിറഞ്ഞു.  ഒരു പെണ്‍കുട്ടി എങ്ങലടിച്ച് കരഞ്ഞു തുടങ്ങി. അവൾ എഴുന്നേറ്റ്  നിന്ന് ഇങ്ങനെ ചോദിച്ചു:

"നിക്ക്,  നിന്നെ ഞാൻ തടസ്സപ്പെടുത്തുന്നതിൽ ക്ഷമിക്കണം. എനിക്ക്  നിന്നെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നു"

 അവൾ എഴുന്നേറ്റു വന്ന്  നിക്കിനെ പുണർന്നു കൊണ്ട് ചെവിയിൽ മന്ത്രിച്ചു: ✨"നന്ദി നിക്ക് . ഇന്ന് വരെ ഞാൻ എത്ര മാത്രം സ്നേഹയോഗ്യയാണെന്നും എന്തു മാത്രം ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവളാണെന്നും ഞാൻ ചിന്തിച്ചിരുന്നില്ല. താങ്കൾ എന്റെ കണ്ണു തുറപ്പിച്ചു".✨

 പ്രസംഗം കഴിഞ്ഞപ്പോൾ അവിടുണ്ടായിരുന്നവരെല്ലാം വന്ന് നിക്കിനെ കെട്ടിപ്പിടിച്ച് ആനന്ദക്കണ്ണീർവാർത്തു അഭിനന്ദിക്കുകയും തങ്ങളെ പ്രചോദിപ്പിച്ചതിന് നന്ദി പറയുകയും ചെയ്തു.

      അന്നു മുതൽ പിന്നീടങ്ങോട്ട്  നിക്കിന് പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇതിനോടകം 60  രാജ്യങ്ങളിലായി 3000 - ത്തിൽ അധികം വേദികളിൽ നിക്ക് പതിനായിരങ്ങളോട്  ജീവിതത്തിന്റെ മഹത്വത്തെത്തെക്കുറിച്ചും, മനോഭാവത്തിൽ വരുത്തുന്ന പോസിറ്റീവായ ഒരു മാറ്റത്തിലൂടെ എങ്ങനെ ജീവിതമാകെ മാറ്റി മറിക്കാമെന്നതിനെക്കുറിച്ചും ഹൃദയ സ്പർശിയായി സംസാരിച്ചു കഴിഞ്ഞു.

നിക്കിന്റെ ശ്രോതാക്കളിൽ വിദ്യാർഥികൾ, അധ്യാപകർ,  കമ്പനി മാനേജർമാർ, രാഷ്ട്ര നേതാക്കൾ ഒക്കെ ഉൾപ്പെടുന്നു.  ഗ്രിഫിത്ത് യൂണിവേർസിറ്റിയിൽ നിന്ന് കോമേഴ്സിൽ ബിരുദമെടുത്ത നിക്ക്  ഇന്ന് "ലൈഫ് വിത്തൌട്ട്  ലിംബ്സ് " എന്ന സംഘടനയുടെ സ്ഥാപകനും ചെയർമാനുമാണ് .

 ഈ സംഘടനയിലൂടെ വളരെയേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അയാൾ ചെയ്തു കഴിഞ്ഞു. നിക്ക് എഴുതിയ "ലൈഫ് വിത്തൌട്ട് ലിംബ്സ് " എന്ന പുസ്തകം ബെസ്റ്റ് സെല്ലർ ആയി. അദ്ദേഹം  അഭിനയിച്ച "ബട്ടർ ഫ്ലൈ സർക്കസ് " എന്ന ഷോർട്ട് ഫിലിം അനവധി അവാർഡ് കൾ നേടിക്കഴിഞ്ഞു. നിക്ക് പുറത്തിറക്കിയ "നോ ആംസ് ,നോ ലെഗ്സ്‌ നോ വറീസ് " എന്ന ഡി.വി.ഡി. ലോകം മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റി.

 എന്തിനേറെ, രണ്ടു കയ്യും കാലുമില്ലാത്ത നിക്കിന്റെ ജീവിതത്തിലേയ്ക്ക്  അതീവ സുന്ദരിയായ കനെ മിയാര എന്ന് പേരുള്ള ഒരു  പെണ്‍കുട്ടി ജീവിത സഖിയായെത്തി. രണ്ട് ആൺകുട്ടികളും കഴിഞ്ഞ ഡിസംബറിൽ ജനിച്ച ഇരട്ട പെൺകുട്ടികളുമടക്കം നാല് മക്കളുമായി അദ്ദേഹം തികഞ്ഞ സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുന്നു.

       "നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കാത്തിരുന്നിട്ടും യാതൊരു അത്ഭുതവും സംഭവിക്കുന്നില്ലേ? എങ്കിൽ ഇനി വൈകണ്ട. നിങ്ങൾത്തന്നെ ഒരത്ഭുതമാകുക"

 നിക്ക്  എല്ലാ വേദികളിലും നല്കുന്ന ഒരു സന്ദേശമാണിത്. നിക്കിന്റെ അഭിപ്രായത്തിൽ,

"എന്നെ ഒന്നിനും കൊള്ളില്ല" എന്നതാണ് ഒരുവന് പറയാവുന്ന ഏറ്റവും വലിയ നുണ.

 നമ്മളൊക്കെ തെറ്റുകൾ വരുത്താറുണ്ട്  ജീവിതത്തിൽ; എന്നാൽ, നമ്മെ നാം ആയിരിക്കുന്ന രൂപത്തിൽ, കുടുംബ
ത്തിൽ, സാഹചര്യങ്ങളിൽ നമ്മെ സൃഷ്ടിച്ചതിലൂടെ ദൈവം ഒരു തെറ്റ്   വരുത്തുകയായിരുന്നില്ല. അങ്ങനെയാണെന്ന മട്ടിൽ സ്വന്തം ജീവിതത്തെ കാണുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യുന്നെങ്കിൽ അതാണ്  തെറ്റ്.

 നിക്ക് തന്റെ ജീവിതത്തിലൂടെ നമുക്ക്  തരുന്ന സന്ദേശമിതാണ്.

Post a Comment

0 Comments