Header Ads

JEE MAIN 2020 അറിയേണ്ടതെല്ലാം


ജെഇഇ മെയിൻ 2020: പരീക്ഷയ്ക്ക് മൂന്നുപേപ്പർ, ചോദ്യരീതിയിൽ മാറ്റങ്ങൾ


നിരവധി ദേശീയതലസ്ഥാപനങ്ങളിലെ എൻജിനിയറിങ്/ടെക്നോളജി/ആർക്കിടെക്ചർ/പ്ലാനിങ്/ബിരുദതല കോഴ്സുകളിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) ആദ്യത്തേത് ജനുവരി ആറുമുതൽ 11 വരെ നടക്കും. ഒരു പ്രവേശനവർഷത്തേക്ക് രണ്ടുതവണയാണ് ജെ.ഇ.ഇ.മെയിൻ നടത്തുന്നത്. ആദ്യത്തേതിന്റെ വിജ്ഞാപനമാണ്, എൻ.ടി.എ. ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.


ഐ.ഐ.ടി., എൻ.ഐ.ടി.

31 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.), 25 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.), സർക്കാർ സഹായത്താൽ പ്രവർത്തിക്കുന്ന ഇരുപത്തെട്ടിൽപ്പരം സാങ്കേതികസ്ഥാപനങ്ങൾ (സി.എഫ്.ടി.ഐ.) എന്നിവയിലെ പ്രവേശനത്തിനാണ് മുഖ്യമായും ജെ.ഇ.ഇ.മെയിൻ. അതോടൊപ്പം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) പ്രവേശനത്തിനുള്ള ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹരാകുന്നവരെ കണ്ടെത്തുന്ന ഒരു സ്ക്രീനിങ് പരീക്ഷകൂടിയാണ് ജെ.ഇ.ഇ. മെയിൻ ബി.ഇ./ബി.ടെക.് പ്രവേശനപരീക്ഷ.

പരീക്ഷയും ചോദ്യഘടനയും

2020-ലെ ജെ.ഇ.ഇ. പേപ്പർ, ചോദ്യഘടന എന്നിവയിൽ മാറ്റങ്ങൾവരുത്തിയിട്ടുണ്ട്.

പേപ്പറുകൾ: പരീക്ഷയ്ക്ക് ഇനിമുതൽ മൂന്നുപേപ്പറുണ്ടാകും. ബി.ഇ./ബി.ടെക്., ബി.ആർക്ക്., ബി.പ്ലാനിങ് എന്നീ പ്രവേശനങ്ങൾക്കുള്ളതാണ് അവ. പ്രവേശനപദ്ധതിയനുസരിച്ച് ഒരാൾക്ക് ഒന്നോ കൂടുതലോ പേപ്പറുകൾ അഭിമുഖീകരിക്കാം.

പരീക്ഷാഘടന
ബി.ഇ./ബി.ടെക്., പേപ്പറിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, എന്നീ വിഷയങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും. ഇതിൽ 20 എണ്ണം ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും അഞ്ചെണ്ണം, ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങളുമാകും. പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ, രണ്ടുഷിഫ്ടിൽ നടത്തും. ആദ്യത്തേത് രാവിലെ 9.30 മുതൽ 12.30 വരെ. രണ്ടാമത്തേത് ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെ. (സയൻസ് കോഴ്സുകളിലെ പ്രവേശനത്തിനും ഈ പേപ്പറിലെ റാങ്ക് ബാധകമാണ്)

*ബി.ആർക്ക്. പേപ്പറിന് മൂന്നുഭാഗമുണ്ടാകും. ആദ്യഭാഗത്ത് മാത്തമാറ്റിക്സിൽനിന്ന് 25 ചോദ്യവും (20 മൾട്ടിപ്പിൾ ചോയ്സ്, അഞ്ച് ന്യൂമറിക്കൽ ആൻസർ ടൈപ്പ്), രണ്ടാംഭാഗത്ത്, ആർക്കിടെക്ചർ അഭിരുചി അളക്കുന്ന 50 മൾട്ടിപ്പിൾ ചോയ്സ് ചോദ്യവും. രണ്ടുഭാഗവും കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ. മൂന്നാംഭാഗം ഡ്രോയിങ് ടെസ്റ്റാണ് (രണ്ട് ചോദ്യം). ചിത്രരചനാവൈഭവം അളക്കുന്ന പരീക്ഷയിൽ, ഹാളിൽ നൽകുന്ന ഡ്രോയിങ് പേപ്പറിലാണ്, ചിത്രങ്ങൾ വരയ്ക്കേണ്ടത്. ഈ ഭാഗം ഓഫ് ലൈൻ രീതിയിൽ നടത്തും. മൂന്നുഭാഗവും ഒറ്റസിറ്റിങ്ങിൽ പൂർത്തിയാക്കണം. രണ്ടുഷിഫ്ടുണ്ടാകും (9.30-12.30, 2.30-5.30).

*ബി.പ്ലാനിങ് പ്രവേശനപരീക്ഷയിലും മൂന്ന് ഭാഗമുണ്ടാകും. ആദ്യ രണ്ടുഭാഗങ്ങൾ, ബി.ആർക്ക് പ്രവേശനപരീക്ഷയുടേതുതന്നെയായിരിക്കും (മാത്തമാറ്റിക്സ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്). മൂന്നാംഭാഗം പ്ലാനിങ് അധിഷ്ഠിത ചോദ്യങ്ങൾ അടങ്ങുന്നതാണ്. ഇതിൽ 25 മൾട്ടിപ്പിൾ ചോയ്സ് ചോദ്യമുണ്ടാകും. പരീക്ഷ, കംപ്യൂട്ടർ അധിഷ്ഠിതം. സമയം മൂന്നുമണിക്കൂർ. ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെ.


*ബി.ആർക്കിനും ബി.പ്ലാനിങ്ങിനും അപേക്ഷിക്കുന്നവർക്ക് പരീക്ഷ 2.30 മുതൽ ആറുമണിവരെയായിരിക്കും (ഇവർ നാലുഭാഗങ്ങൾക്ക് ഉത്തരം നൽകണം. മാത്തമാറ്റിക്സ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഡ്രോയിങ് ടെസ്റ്റ്, പ്ലാനിങ് അധിഷ്ഠിത ചോദ്യങ്ങൾ). ഇവർ ഉച്ചയ്ക്കുള്ള ഷിഫ്റ്റിലാണ് പരീക്ഷ അഭിമുഖീകരിക്കേണ്ടത്.

സ്കോറിങ് രീതി

മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുടെ ശരിയുത്തരത്തിന് നാലുമാർക്കുവീതം കിട്ടും. ഉത്തരം തെറ്റിയാൽ ഒരുമാർക്കുവെച്ച് നഷ്ടപ്പെടും. ന്യൂമറിക്കൽ ആൻസർ ടൈപ്പിൽ ശരിയുത്തരത്തിന് നാലുമാർക്ക്. ഉത്തരം തെറ്റിയാലും മാർക്ക് നഷ്ടപ്പെടില്ല.


സിലബസ്

പരീക്ഷയുടെ സിലബസ് https://jeemain.nta.nic.inലും ഇൻഫർമേഷൻ ബുള്ളറ്റിനിലും ലഭിക്കും.

ജെ.ഇ.ഇ. അഡ്വാൻസ്ഡ്
ജെ.ഇ.ഇ. അസ്വാൻസ്ഡ് അഭിമുഖീകരിക്കാൻ താത്പര്യമുള്ളവർ ജെ.ഇ.ഇ. മെയിനിന്റെ ഒന്നാം പേപ്പറാണ് ( ബി.ഇ./ബി.ടെക്.) അഭിമുഖീകരിക്കേണ്ടത്. ഐ.ഐ.ടി.യിൽ. ബി.ആർക്ക്., സയൻസ് കോഴ്സുകൾ ഉൾപ്പെടെയുള്ള എല്ലാ കോഴ്സിലും പ്രവേശനം ആഗ്രഹിക്കുന്നവർ ജെ.ഇ.ഇ. മെയിൻ ആദ്യപേപ്പർ അഭിമുഖീകരിക്കണം. ഈ പേപ്പറിലെ സ്കോറിന്റെ അടിസ്ഥാനത്തിൽ, വിവിധ കാറ്റഗറികളിലായി മുന്നിലെത്തുന്ന നിശ്ചിത എണ്ണം പേർക്കേ (2019-ൽ 2,45,000 പേരെ അഡ്വാൻസ്ഡിന് തിരഞ്ഞെടുത്തിരുന്നു) അഡ്വാൻസ്ഡ് അഭിമുഖീകരിക്കാനാകൂ.

പ്രവേശനയോഗ്യത

അപേക്ഷാർഥി പ്ലസ്ടു/തത്തുല്യ പരീക്ഷ നിശ്ചിതവിഷയങ്ങൾ പഠിച്ച് ജയിച്ചിരിക്കണം. ബി.ഇ./ബി.ടെക.് പ്രവേശനം തേടുന്നവർ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണം. മൂന്നാം വിഷയം, കെമിസ്ട്രി, ബയോടെക്നോളജി, ബയോളജി, ടെക്നിക്കൽ വൊക്കേഷണൽ വിഷയം എന്നിവയിലൊന്നാകാം. ബി.ആർക്ക് പ്രവേശനത്തിന് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചവർ ബി.പ്ലാനിങ് പ്രവേശനത്തിന് അർഹരാണ്.


കട്ട് ഓഫ് സ്കോർ

അപേക്ഷിക്കുന്നവർക്ക് ഉയർന്ന പ്രായപരിധിയില്ല. യോഗ്യതാപരീക്ഷ 2018-ലോ 2019-ലോ ജയിച്ചവർക്കും 2020-ൽ അത് അഭിമുഖീകരിക്കുന്നവർക്കും അർഹതയുണ്ട്. യോഗ്യതാപരീക്ഷയിൽ അഞ്ചുവിഷയങ്ങളെങ്കിലും പഠിച്ചിരിക്കണം. പ്രവേശനപരീക്ഷയിലെ റാങ്ക് അടിസ്ഥാനമാക്കി കോഴ്സ് പ്രവേശനം നൽകും. പക്ഷേ, പ്രവേശനം കിട്ടാൻ തന്റെ ബോർഡിന്റെ യോഗ്യതാപരീക്ഷയിൽ, അപേക്ഷാർഥി, നിശ്ചിതമാർക്ക്/സ്ഥാനം നേടേണ്ടതുണ്ട്. യോഗ്യതാപരീക്ഷയിലെ അഞ്ച് വിഷയത്തിനുംകൂടി മൊത്തത്തിൽ 75 ശതമാനം (പട്ടികവിഭാഗക്കാർക്ക് 65 ശതമാനം) മാർക്ക് നേടുകയോ തന്റെ ബോർഡിന്റെ യോഗ്യതാ പരീക്ഷയിൽ മുന്നിലെത്തുന്നവരുടെ ഇരുപതാം പെർസൻടൈൽ കട്ട് ഓഫ് സ്കോർ നേടുകയോ വേണം.

പരീക്ഷാകേന്ദ്രങ്ങൾ

രാജ്യത്തും വിദേശത്തും കേന്ദ്രങ്ങളുണ്ട്. പൂർണ പട്ടിക ബുള്ളറ്റിനിൽ ലഭിക്കും. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ ഇവയാണ്. ആലപ്പുഴ/ചെങ്ങന്നൂർ, എറണാകുളം/അങ്കമാലി/മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂർ. അപേക്ഷ നൽകുമ്പോൾ നാല് പരീക്ഷാകേന്ദ്രങ്ങൾ മുൻഗണന നിശ്ചയിച്ച് തിരഞ്ഞെടുക്കാം.

അപേക്ഷാഫീസ്

രാജ്യത്തിനകത്ത് പരീക്ഷാകേന്ദ്രം: ഒരു പേപ്പർമാത്രം ജനറൽ/ജന. ഇ.ഡബ്ല്യു.എസ്./ഒ.ബി.സി: ആൺകുട്ടികൾ 650 രൂപ; പെൺകുട്ടികൾ/പട്ടിക വിഭാഗക്കാർ/ഭിന്നശേഷിക്കാർ/ട്രാൻസ്ജൻഡർ 325 രൂപ. രണ്ട്/മൂന്ന് പേപ്പർ: 1300/650 രൂപ. വിദേശത്ത് പരീക്ഷാകേന്ദ്രം: ഒരു പേപ്പർ 3000/1500 രൂപ; രണ്ട്/മൂന്ന് പേപ്പർ 6000/3000 രൂപ.

അപേക്ഷ

ആദ്യ പരീക്ഷയ്ക്കുള്ള അപേക്ഷ https://jeemain.nta.nic.inവഴി സെപ്തംബർ 30 രാത്രി 11.50 വരെ നൽകാം. അപേക്ഷാഫീസ് ഒക്ടോബർ ഒന്ന് രാത്രി 11.50-നകം ഓൺലൈനായി അടയ്ക്കണം. െക്രഡിറ്റ്/െഡബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യു.പി.ഐ., പേ ടി.എം. സർവീസ് വഴി തുകയടയ്ക്കാം. കൺഫർമേഷൻ പേജിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിക്കാം. പ്രിന്റ് ഔട്ട് എവിടേക്കും അയക്കേണ്ടതില്ല.

റാങ്കിങ്ങിന് മികച്ച സ്കോർ

രണ്ടാം ജെ.ഇ.ഇ. മെയിൻ 2020 ഏപ്രിൽ മൂന്നുമുതൽ ഒൻപതുവരെ. വിജ്ഞാപനം ഫെബ്രുവരിയിൽ പ്രതീക്ഷിക്കാം. ഫെബ്രുവരി ഏഴുമുതൽ മാർച്ച് ഏഴുവരെ അപേക്ഷിക്കാം. ഒരാൾക്ക് ഏതെങ്കിലും ഒരു പരീക്ഷയോ താൽപര്യമുള്ള പക്ഷം രണ്ടുമോ അഭിമുഖീകരിക്കാം. പരീക്ഷകളുടെ അടിസ്ഥാനത്തിൽ അന്തിമമായി ഒരു റാങ്ക് പട്ടിക തയ്യാറാക്കും. രണ്ടുപരീക്ഷകളും അഭിമുഖീകരിക്കുന്നവരുടെ, ഭേദപ്പെട്ട സ്കോർ അന്തിമറാങ്കിങ്ങിനായി പരിഗണിക്കും.

വിവരങ്ങൾക്ക്: https://jeemain.nta.nic.in, https://nta.ac.in

No comments

Powered by Blogger.