കേരള എന്‍ജിനിയറിങ്, മെഡിക്കല്‍, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശന നടപടികള്‍ ജനുവരിയില്‍ ആരംഭിക്കും.
പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്ന സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ സംവരണ ആനുകൂല്യം ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം തന്നെ കാറ്റഗറി/സംവരണം തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ നിശ്ചിത തീയതിക്കകം അപ്ലോഡ് ചെയ്യണം. ഇതിനായി റവന്യൂ അധികാരികളില്‍നിന്ന് താഴെ പറയുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മുന്‍കൂറായി വാങ്ങിവെക്കണം.
• വില്ലേജ് ഓഫീസില്‍നിന്നുള്ള കേരള സര്‍ക്കാര്‍ പഠനാവശ്യങ്ങള്‍ക്കായി നല്കുന്ന നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് (സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്ക്കുന്ന (എസ്.ഇ.ബി.സി.) വിഭാഗക്കാരും മറ്റര്‍ഹ സമുദായത്തില്‍പ്പെട്ട (ഒ.ഇ.സി.) വിദ്യാര്‍ഥികള്‍).
• തഹസില്‍ദാരില്‍നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് (എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക്)
• വില്ലേജ് ഓഫീസര്‍ നല്കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് (നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത ഒ.ഇ.സി. വിഭാഗക്കാര്‍)
• വില്ലേജ് ഓഫീസില്‍നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് (എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗക്കാര്‍ ഒഴികെയുള്ള ജനറല്‍ കാറ്റഗറി ഉള്‍പ്പെടെയുള്ള മറ്റ് വിഭാഗക്കാര്‍ കുടുംബ വാര്‍ഷികവരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഫീസ് ആനുകൂല്യങ്ങള്‍/സ്കോളര്‍ഷിപ്പ് എന്നിവ ലഭിക്കുന്നതിനായി)
• മറ്റര്‍ഹ സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ജാതി/ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട വില്ലേജ് ഓഫീസറില്‍നിന്നു വാങ്ങണം
• മിശ്ര വിവാഹിതരുടെ മക്കള്‍ക്ക് എസ്.ഇ.ബി.സി./ഒ.ഇ.സി. സംവരണം ആവശ്യമുള്ള പക്ഷം അവര്‍ വില്ലേജ് ഓഫീസില്‍നിന്നും നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. എന്നാല്‍, മിശ്രവിവാഹിതരില്‍ ഒരാള്‍ എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടയാളാണെങ്കില്‍ അവരുടെ മക്കള്‍ക്ക് എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്കു ലഭ്യമാകുന്ന ഫീസാനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തഹസില്‍ദാര്‍ നല്കുന്ന മിശ്ര വിവാഹ സര്‍ട്ടിഫിക്കറ്റ് വാങ്ങണം.
• വില്ലേജ് ഓഫീസര്‍ നല്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് (സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്/ജനന സര്‍ട്ടിഫിക്കറ്റില്‍ ജനനസ്ഥലം രേഖപ്പെടുത്താത്തവര്‍ക്ക് മാത്രം).
ബന്ധപ്പെട്ട റവന്യൂ അധികാരികളില്‍ നിന്നുള്ള മുകളില്‍ സൂചിപ്പിച്ച സര്‍ട്ടിഫിക്കറ്റുകളുടെ 'ഇ-ഡിസ്ട്രിക്ട് സര്‍ട്ടിഫിക്കറ്റും' സ്വീകരിക്കും. നിശ്ചിത തീയതിക്കകം സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ സംവരണാനുകൂല്യം അനുവദിക്കുന്നതിന് പരിഗണിക്കൂ.
അതിനാല്‍ ഓരോ കാറ്റഗറിക്കും റവന്യൂ അധികാരികള്‍ നിശ്ചയിച്ച കാലാവധിക്കുള്ളിലെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി സൂക്ഷിക്കേണ്ടതും ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതുമാണെന്ന് കമ്മീഷണര്‍ അറിയിച്ചു.
0 Comments