Latest

6/recent/ticker-posts

Header Ads Widget

ജന്നിഫർ ചിറകുകളില്ലാത്ത ഫിനിക്സ് പക്ഷി


"ഡോക്ട്രർ, ഈ കുട്ടിയെ ഞങ്ങൾക്ക് വേണ്ട." രണ്ടു കാലും ഇല്ലാതെ പിറന്നു വീണ സ്വന്തം കുഞ്ഞിനെ പുച്ഛത്തോടെ നോക്കി നിർദാക്ഷിണ്യം ആ മനുഷ്യൻ പറഞ്ഞു. നിസ്സഹായയായ ആ പെണ്‍കുഞ്ഞിനെ വിധിയ്ക്കു വിട്ടു കൊടുത്ത്, പത്തു മാസം ചുമന്നു നൊന്തു പെറ്റ അമ്മയെ ആ മുഖം ഒന്ന് കാണാൻ പോലും സമ്മതിക്കാതെ കഠിനഹൃദയനായ അയാൾ ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് മടങ്ങി.  അമേരിക്കയിലെ ഇല്ലിനോയിസ്‌ സംസ്ഥാനത്ത് ഒക്ടോബർ 1, 1987നു ആണ് ലോകത്തിലെ ഏറ്റവും നിർഭാഗ്യവതിയായ ആ കുഞ്ഞ് പിറന്നു വീണത്.

മോൻഷിയാനൊ ദമ്പതികളുടെ ദാമ്പത്യവല്ലരിയിൽ വിരിഞ്ഞ രണ്ടാമത്തെ കുസുമം! മൂത്ത കുട്ടിക്ക് അപ്പോൾ ആറു വയസ്സുണ്ട്. കാലുകളില്ലാത്ത അനിയത്തിക്കുട്ടി മിടുക്കിയായ ചേച്ചിക്ക് ഒരു ബാധ്യതയാകും. ഇവളെ ചികിത്സിക്കാനും, വളർത്തിക്കൊണ്ടു വരുവാനും ഏറെ പണം ചിലവാകും എന്നൊക്കെയായിരുന്നു കുഞ്ഞിനെ ആശുപത്രിയിലെ അഡോപ്ഷൻ ഓഫീസിൽ ഏൽപ്പിക്കാൻ അപ്പൻ കണ്ടെത്തിയ ന്യായങ്ങൾ. ജനിച്ചപ്പോൾ തന്നെ ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട ആ കുഞ്ഞിനെ കണ്ട് ഒരു ഡോക്ടർക്ക് അലിവു തോന്നി. അയാൾ തന്റെ സുഹൃത്തായ മി. ബ്രിക്കർ എന്ന ഒരു നല്ല മനുഷ്യനെയും ഭാര്യയെയും ഫോണ്‍ ചെയ്തു വരുത്തി. അവർക്ക് മൂന്നു ആണ്‍ മക്കൾ ഉണ്ടായിരുന്നു. ഒരു പെണ്‍ കുഞ്ഞിനെ കിട്ടാൻ അവർ ആഗ്രഹിച്ചു കൊണ്ടിരുന്ന നാളുകളായിരുന്നു അത്. കുട്ടിയെ ദത്തെടുത്താലോ എന്ന് അവർ ആലോചിച്ചെങ്കിലും ഹോസ്പിറ്റലിലെ അവരുടെ സുഹൃത്തായ മറ്റൊരു ഡോക്ടർ അവരെ നിരുത്സാഹപ്പെടുത്തിയത് കൊണ്ട് പറഞ്ഞതിങ്ങനെയാണ് : "നിങ്ങൾക്ക് ഒരു പെണ്‍ കുഞ്ഞിനെ ദത്തെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നല്ല ആരോഗ്യമുള്ള എത്രയോ കുഞ്ഞുങ്ങളെ കിട്ടും? ഈ കുഞ്ഞ് നിങ്ങള്‍ക്ക് എന്നും ഒരു ഭാരമായിരിക്കും. നിങ്ങൾ പോകുന്നിടത്തെല്ലാം ഇവളെ ഒരു ബക്കറ്റിൽ ഇട്ട് കൊണ്ടു നടക്കേണ്ടിവരും. വെറുതെ എന്തിനീ പൊല്ലാപ്പിനു പോകണം ? എന്നാൽ, നിസ്സഹായയായ ആ പെണ്‍കുഞ്ഞിനെ അവിടെ തനിച്ചാക്കിയിട്ടു പോകാൻ ബ്രിക്കർ ദമ്പതികൾക്ക് മനസ്സ് വന്നില്ല. അവർ അവളെ വീട്ടിലേക്കു കൊണ്ടുവന്നു. ആർക്കും വേണ്ടാതിരുന്ന അവൾക്ക് അവർ 'ജെന്നിഫർ' എന്ന് പേരിട്ടു. തങ്ങളുടെ സ്വന്തം മകളെന്ന പോലെ മൂന്ന് ആണ്‍ കുട്ടികൾക്കൊപ്പം വളർത്തി . 'ജനി മോൾ'ക്ക് നാല് വയസ്സ് പ്രായമായപ്പോഴേക്കും കാലുകളില്ലെങ്കിലും അവൾ ഒരു കൊച്ചു മിടുക്കിയായി മാറിക്കഴിഞ്ഞിരുന്നു. ചേട്ടന്മാർ മൂന്നു പേരുടെയും പ്രോത്സാഹനമായിരുന്നു അതിനു പിന്നിൽ. തങ്ങളുടെ കൂടെ എല്ലാ കളികള്‍ക്കും അവർ അവളെയും ചേർത്തു. എല്ല്ലാ കാര്യങ്ങളും സ്വന്തമായിത്തന്നെ ചെയ്യാൻ പരിശീലനം നല്കി. വളർത്തച്ഛൻ ബ്രിക്കർ അവളോട്‌ എന്നും പ്രത്യേകം പറഞ്ഞിരുന്ന ഒരു കാര്യമുണ്ടായിരുന്നു: "മോൾ ഒരിക്കലും ഏതു കാര്യത്തിനും 'എനിക്ക് പറ്റില്ല' എന്ന് പറയരുത് . 'എനിക്ക് പറ്റും' എന്ന വാക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ". അങ്ങനെ മടി കൂടാതെ എല്ലാ കാര്യങ്ങൾക്കും മുന്നിട്ടിറങ്ങിയ ജന്നിഫർ ആറ് വയസ്സായപ്പോഴേക്കും ചേട്ടന്മാരുടെ കൂടെ മരത്തിൽ കയറാൻ, ബാസ്ക്കറ്റ് ബോൾ കളിയ്ക്കാൻ, ബേസ് കളിയ്ക്കാൻ ഒക്കെ പഠിച്ചു .

ഒരു ദിവസം ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കെ, യാദൃശ്ചികമായി ജെന്നിഫർ ഏതാണ്ട് 13 വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജിംനാസ്റ്റിക് പ്രകടനങ്ങൾ കാണുവാനിടയായി. അമേരിക്ക യുടെ ജിംനാസ്റ്റിക് ടീമിൽ വളരെ ചെറുപ്പത്തിലെ ഇടം നേടിയ 'ഡോമിനിക്യു' എന്ന ജിംനാസ്റ്റിന്റെ അഭ്യാസപ്രകടനങ്ങളായിരുന്നു അത്. "എനിക്കും ജിംനാസ്റ്റിക് പഠിക്കണം. ഇത് പോലെയുള്ള അഭ്യാസപ്രകടങ്ങൾ കാണിക്കണം." അവൾ തന്റെ മനസ്സിലുദിച്ച വലിയൊരാഗ്രഹം വീട്ടിലെല്ലാവരോടും പറഞ്ഞു. "ഇതല്ലാതെ മറ്റ് എന്താഗ്രഹം വേണമെങ്കിലും സാധിച്ചു തരാം. രണ്ടു കാലുമില്ലാതെ നീ എങ്ങനെ ജിംനാസ്റ്റിക് പഠിക്കാനാണ് ?" ബ്രിക്കർ അത്ഭുതപ്പെട്ടു.
"എന്നോട് ഒരു കാര്യത്തിനും 'എനിക്ക് പറ്റില്ല എന്ന് പറയരുത്' എന്ന് പഠിപ്പിച്ചത് മറന്നു പോയോ? എനിക്ക് ഒരു ജിംനാസ്റ്റ് ആയേ മതിയാവൂ." ജെന്നിഫർ തറപ്പിച്ചു പറഞ്ഞു.

അവൾ ഒരു ജിംനാസ്റ്റിക്ക് സ്കൂളിൽ ചേർന്ന് പഠിക്കാൻ തുടങ്ങി. ആദ്യമൊക്കെ ഏറെ ക്ലേശിക്കേണ്ടി വന്നെങ്കിലും പതിയെ പതിയെ അവൾ എല്ലാവരെയും അത്ഭുതപ്പെടുത്തി തുടങ്ങി. ടെലിവിഷനില്‍ താൻ കണ്ട പെണ്‍കുട്ടിയെ തന്റെ മോഡൽ ആയി കണ്ടായിരുന്നു അവളുടെ പരിശീലനങ്ങളത്രയും. ഹൈസ്കൂളിൽ എത്തിയപ്പോഴേക്കും അവളുടെ മുറിയിലെ ഒരു ഷെൽഫ് മെഡലുകൾ കൊണ്ട് നിറഞ്ഞു തുടങ്ങി. പതിനഞ്ചു വയസ്സ് ആയപ്പോഴേക്കും ജെനിഫർ അമേരിക്കയിലെ തന്നെ അറിയപ്പെടുന്ന ഒരു ജിംനാസ്റ്റ് ആയി മാറിക്കഴിഞ്ഞിരുന്നു. ജെന്നിഫർ തന്റെ മോഡൽ ആയി സ്വീകരിച്ച 'ഡോമിനിക്യു ' 1996- ലെ അറ്റ്‌ലാന്റ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ അമേരിക്കൻ ടീമിൽ അംഗമായപ്പോൾ ജെന്നിഫർ 1998 - ൽ നടന്ന ജൂനിയർ ഒളിപിക്സിൽ സമ്മാനം നേടി. രണ്ടു കാലും ഇല്ലാത്ത അവൾ ജിംനാസ്റ്റിക് വേദികളിലെ ആശ്ചര്യമായി മാറി.ജെന്നിഫറിന് പതിനാറു വയസ്സായപ്പോൾ അവൾ തന്റെ യഥാർത്ഥ മാതാപിതാക്കളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. അവളുടെ ആഗ്രഹം മാനിച്ച് ബ്രിക്കർ കുടുംബം അവളെയും കൂട്ടി അവൾ പിറന്നു വീണ ഹോസ്പിറ്റലിലെത്തി. അന്നത്തെ രേഖകൾ പരിശോധിച്ചപ്പോൾ അവളുടെ പിതാവിന്റെ പേര് "മൊൻഷിയാനൊ' എന്നാണെന്ന് കണ്ടെത്തി. വിസ്മയത്തോടെ ജെന്നിഫർ ഒരു കാര്യം ശ്രദ്ധിച്ചു: ആരെ മോഡൽ ആക്കിയാണോ താൻ ഇത്ര നാൾ ജിം നാസ്റ്റിക്ക് പരിശീലിച്ചത് ആ പെണ്‍കുട്ടിയുടെ അപ്പന്റെ പേരും "മൊൻഷിയാനൊ" എന്ന് തന്നെ !! തുടർന്ന് നടത്തിയ അന്വേഷണം വിസ്മയകരമായ ഒരു സത്യം പുറത്ത് കൊണ്ട് വന്നു. തന്റെ അനിയത്തിയുടെ മുഖം ഒന്നു കാണുക പോലും ചെയ്യാനാവാഞ്ഞ അന്നത്തെ ആറു വയസ്സുകാരിയാണ് ഇന്നത്തെ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവായ 'ഡോമിനിക്യു മൊൻഷിയാനൊ'. ജെന്നിഫറിന്റെ സ്വന്തം ചേച്ചി!!

2003 -ൽ കണ്ടെത്തിയ ഈ രഹസ്യം 2007 വരെ ജെന്നിഫർ ആരെയും അറിയിക്കാതെ മനസ്സിൽ സൂക്ഷിച്ചു. എന്നാൽ, ഒടുവിൽ അവൾ ചേച്ചിക്ക് ഒരു കത്തെഴുതാൻ തീരുമാനിച്ചു. കണ്ണീർ വീണു നനഞ്ഞ ആ കത്തിന്റെ ആദ്യ വരികൾ ഇങ്ങനെയായിരുന്നു: "എന്നെ ദയവായി ഒരു ഭ്രാന്തിയെന്നു തെറ്റിദ്ധരിക്കരുത്. ഞാൻ നിങ്ങളുടെ അനിയത്തിയാണ്...."തെളിവായി ഹോസ്പിറ്റലിൽ നിന്ന് കോപ്പിയെടുത്ത തന്റെ ജനന രേഖകൾ ചേർത്തു വച്ച ആ കത്ത് വായിച്ചയുടൻ അതിശയം പൂണ്ട് ഡോമിനിക്യു കത്തിലുണ്ടായിരുന്ന നമ്പരിലേക്ക് വിളിച്ചു. അങ്ങനെ ആദ്യമായി ചേച്ചിയും അനുജത്തിയും കണ്ടുമുട്ടി. ഡോമിനിക്യു ജെന്നിഫറിനെ വീട്ടിലേക്കു കൊണ്ടുവന്നു. അപ്പോഴേയ്ക്കും ക്യാൻസർ ബാധിച്ച് അപ്പൻ മരിച്ചിരുന്നു. തന്റെ മകളുടെ മുഖം ആദ്യമായി കണ്ട അമ്മ സന്തോഷവും കുറ്റബോധവും എല്ലാം നിറഞ്ഞ് അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു മാപ്പ് ചോദിച്ചു. എന്നാൽ, അമ്മയുടെ കണ്ണീരൊപ്പിക്കൊണ്ട് ജെനിഫർ പറഞ്ഞതിങ്ങനെയാണ് :" അമ്മ എന്നെയോർത്ത് കരയരുത്. എന്റെ ജീവിതനിയോഗത്തിൽ എന്നെ എത്തിക്കാൻ ദൈവം ഒരുക്കിയ വഴികളാണിത്. ഇങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നു എങ്കിൽ ഞാൻ നിലത്ത് ഇഴഞ്ഞു നടക്കുന്ന, എല്ലാവരും സഹതാപത്തോടെ നോക്കുന്ന വെറുമൊരു ഇഴജീവി മാത്രമായിത്തീർന്നേനെ".

ജെന്നിഫറിന് ഇന്ന് ഇരുപത്തിനാലു വയസ്സായി. അമ്മയോടും, ചേച്ചിയോടും, അനുജത്തിയോടും കൂടെ അവൾ സന്തോഷമായി ജീവിക്കുന്നു. ജിംനാസ്റ്റികിനുപുറമേ മോഡലിംഗ് , ടെലിവിഷൻ അവതാരിക, മോട്ടിവേഷണൽ സ്പീക്കർ എന്നീ നിലകളിലും അവൾ പ്രശസ്തിയാർജ്ജിച്ചു കഴിഞ്ഞു. 2012 ജൂണിൽ പ്രസിദ്ധീകരിച്ച "ഓഫ് ബാലൻസ് " എന്ന പുസ്തകത്തിലൂടെ ഡോമിനിക്യു അത്ഭുതകരമായ ദൈവ പരിപാലനയുടെയും, നിശ്ചയധാർട്യത്തിന്റെയും ഈ കഥ പുറം ലോകത്തിനു വെളിപ്പെടുത്തി. അങ്ങനെ പിറന്നു വീണപ്പോഴേ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിസ്സഹായയായ ഒരു പെണ്‍കുട്ടി മനോധൈര്യവും, ലക്ഷ്യ ബോധവും, നിതാന്തപരിശ്രമവും കൈ മുതലാക്കി മാതാപിതാക്കൾ പ്രോത്സാഹനം നല്കി എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുത്തു വളർത്തിയ സ്വന്തം സഹോദരിയെത്തന്നെ ആളറിയാതെ തന്റെ മോഡൽ ആയി സ്വീകരിച്ച്, സ്വപ്രയത്നം കൊണ്ട് അവളെക്കാൾ പ്രശസ്തയായി മാറിയ അത്ഭുതകരമായ ജീവിത കഥ ലോകമറിഞ്ഞു.

"എന്റെ ജീവിതം പരാജയപ്പെടാൻ കാരണം എന്റെ മാതാപിതാക്കളാണ്" എന്ന് ഇനി ആർക്കെങ്കിലും പരാതി പറയാനാവുമോ ?

മാതാപിതാക്കളോ, അദ്ധ്യാപകരോ, സുഹൃത്തുക്കളോ ആരുമായിക്കൊള്ളട്ടെ. അവർക്ക് നമ്മെ ഇഷ്ടമായിരിക്കാം, ഇഷ്ടമല്ലായിരിക്കാം.

നമ്മുടെ ജീവിതം നാളെ എന്താകണമെന്ന് നിശ്ചയിക്കാനുള്ള അവകാശം നമുക്ക് മാത്രമാണ്. ജനിച്ച വീട്, മാതാപിതാക്കന്മാർ, സഹോദരങ്ങൾ, വളര്‍ന്ന സാഹചര്യങ്ങൾ തുടങ്ങിയവയൊന്നും നമ്മുടെ തീരുമാനങ്ങളല്ല.
എന്നാൽ, ഇവയൊക്കെ ഏതു മനോഭാവത്തോടെ സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്.

ഞാൻ ഇന്ന് എന്താകണമോ അത് ഒരുപക്ഷെ എന്റെ സാഹചര്യങ്ങൾ എന്നെ കൊണ്ടുചെന്ന് എത്തിച്ചതാകാം. എന്നാൽ, നാളെ ഞാൻ ആരായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഇനിയും ശേഷിക്കുന്നുണ്ട് എന്നോർക്കുക.
സാഹചര്യങ്ങളെ പഴി പറയുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.

ഉള്ള സാഹചര്യങ്ങളെ കണ്ടെത്തി അനുകൂലമാക്കുന്നവർക്ക് മാത്രമുള്ളതാണ് ജീവിതവിജയം.

ഓർക്കുക, ജീവിതം ദൈവം എനിക്ക് തന്ന സമ്മാനമാണ്. എന്നാൽ, ജീവിതത്തിൽ ഞാൻ എന്തായിത്തീരുന്നു എന്നത് ഞാൻ ദൈവത്തിനു നല്കുന്ന സമ്മാനമാണ്.