Header Ads

NEET - സംശയങ്ങളും മറുപടിയും



നീറ്റ് അപേക്ഷയില്‍ അഖിലേന്ത്യാ ക്വാട്ടയില്‍ സ്റ്റേറ്റ് ഓഫ് എലിജിബിലിറ്റി ചോദിക്കുന്നു. 'കേരളം' എന്നു കൊടുത്താല്‍ മറ്റ് സംസ്ഥാനങ്ങളിലെ ഓള്‍ ഇന്ത്യാ ക്വാട്ട സീറ്റിലേക്ക് പരിഗണിക്കുമോ ?
തീര്‍ച്ചയായും പരിഗണിക്കും. ഈ സീറ്റുകള്‍ ഒറ്റ പൂള്‍ ആയി കണക്കാക്കിയാണ് അലോട്ട് ചെയ്യുന്നത്. നീറ്റ് യോഗ്യത നേടിയ ശേഷം മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി അഖിലേന്ത്യാ ക്വാട്ടയ്ക്ക് ഓപ്ഷന്‍ വിളിക്കുമ്ബോള്‍ പ്രക്രിയയില്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യത്തെ ഏതു കോളേജിലേക്കും നിങ്ങള്‍ക്ക് ഓപ്ഷന്‍/ചോയ്സ് നല്‍കാം.

നീറ്റ് അപേക്ഷയ്ക്കൊപ്പം കേരളത്തില്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് മറ്റൊരു അപേക്ഷയും നല്‍കണമെന്നു കേട്ടു. ഇപ്പോഴാണോ അതു കൊടുക്കേണ്ടത് ?
കേരളത്തില്‍ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ വിഭാഗ കോഴ്സുകളിലെ പ്രവേശനം നീറ്റ് അടിസ്ഥാനമാക്കിയാണ്. അതിനായി ആദ്യം നീറ്റിന് അപേക്ഷിച്ച്‌ യോഗ്യത നേടണം. കേരളത്തില്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന അലോട്ട്മെന്റില്‍ കൂടിയേ സ്റ്റേറ്റ് ക്വാട്ട സീറ്റിലേക്ക് നിങ്ങളെ പരിഗണിക്കൂ. അതിനാല്‍ നീറ്റ് അപേക്ഷ നല്‍കുന്നവര്‍ക്ക് കേരളത്തില്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ വഴിയുള്ള പ്രവേശനത്തില്‍ താത്‌പര്യമുണ്ടെങ്കില്‍ കമ്മിഷണര്‍ക്കും അപേക്ഷിക്കണം. പക്ഷേ, ഇപ്പോള്‍ അതു നല്‍കാന്‍ കഴിയില്ല. അപേക്ഷ ജനുവരി/ഫെബ്രുവരി മാസത്തില്‍ വിളിക്കും. അപ്പോള്‍ നിര്‍ബന്ധമായും അപേക്ഷിക്കണം. ഇല്ലെങ്കില്‍ നീറ്റ് യോഗ്യത നേടിയാലും കമ്മിഷണറുടെ അലോട്ട്മെന്റില്‍ നിങ്ങളെ പരിഗണിക്കില്ല. ഇപ്പോള്‍ നീറ്റിനുമാത്രം അപേക്ഷിച്ചാല്‍ മതി.

മൂന്നാമത്തെ ചാന്‍സെടുത്ത് നീറ്റ് എഴുതുകയാണ്. യോഗ്യതാ പരീക്ഷയുടെ കാര്യത്തില്‍ ഏതു കോഡാണ് അപേക്ഷയില്‍ നല്‍കേണ്ടത് ?
പ്ലസ്ടുതല യോഗ്യതാ പരീക്ഷ ജയിച്ചവര്‍ നല്‍കേണ്ട കോഡ് 2 ആണ്. എത്രാമത്തെ തവണയാണ് പരീക്ഷ എഴുതുന്നതെങ്കിലും പരീക്ഷ ജയിച്ചവര്‍ കോ‍ഡ് 2 നല്‍കണം. 2020-ല്‍ പ്ലസ്ടു ഫൈനല്‍ പരീക്ഷ എഴുതുന്നവര്‍ കോഡ് 1 നല്‍കണം

ബി.എസ്‌സി.നഴ്സിങ്, മറ്റ്പാരാമെഡിക്കല്‍ബി.എസ്‌സി.കോഴ്സുകള്‍ക്ക്‌ നീറ്റ് വേണോ ?
പൊതുവേ അങ്ങനെ ഒരു വ്യവസ്ഥയില്ല. കേരളത്തില്‍ നിലവില്‍ നഴ്സിങ് ബിരുദപ്രവേശനം പ്ലസ്ടു മാര്‍ക്ക് അടിസ്ഥാനമാക്കിയാണ്. നീറ്റ് ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ അനുസരിച്ച്‌ മഹാരാഷ്ട്രയില്‍ പാരാമെഡിക്കല്‍ കോഴ്സ് പ്രവേശനത്തിന്‌ നീറ്റ് ബാധകമാണ്‌. അവിടെ, ഫിസിയോതെറാപ്പി, ഓക്യുപ്പേഷണല്‍ തെറാപ്പി, പ്രോസ്തറ്റിക്സ് ആന്‍ഡ് ഓര്‍ത്തോട്ടിക്സ്, ഓഡിയോളജി ആന്‍ഡ് സ്പീച്ച്‌ ലാംഗ്വേജ് പത്തോളജി, നഴ്സിങ് എന്നീ ബാച്ചിലര്‍ പ്രോഗ്രാം പ്രവേശനത്തിന് നീറ്റ് ബാധകമാക്കിയിട്ടുണ്ട്.

2018-ല്‍ പ്ലസ്ടു ജയിച്ചതാണ്. നീറ്റിന് അപേക്ഷിക്കുമ്ബോള്‍ പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ഷീറ്റ് അപ്‌ലോഡ് ചെയ്യണോ ?
വേണ്ട. പ്ലസ്ടു മാര്‍ക്ക് ഷീറ്റോ, സര്‍ട്ടിഫിക്കറ്റോ അപേക്ഷാ സമര്‍പ്പണവേളയില്‍ അപ്‌ലോഡ് ചെയ്യേണ്ടതില്ല. എന്നാല്‍, എല്ലാ അപേക്ഷകരും പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റിന്റെ സ്കാന്‍ചെയ്ത ഇമേജ് അപ്‌ലോഡ് ചെയ്യണം.

കഴിഞ്ഞവര്‍ഷം നീറ്റ് എഴുതി യോഗ്യത നേടി. എവിടെയും അഡ്മിഷന്‍ കിട്ടിയില്ല. ഈ വര്‍ഷം വിദേശത്ത് എം.ബി.ബി.എസ്. പഠിക്കാന്‍ ഉദ്ദേശിക്കുന്നു. അതിനായി, ഈ വര്‍ഷം നീറ്റ് വീണ്ടും എഴുതണോ ?
വിദേശപഠനത്തില്‍ താത്‌പര്യമുള്ളവര്‍ ഒരുവര്‍ഷം നീറ്റില്‍ യോഗ്യത നേടിയാല്‍ ആ യോഗ്യതയ്ക്ക് മൂന്നുവര്‍ഷത്തെ സാധുതയുണ്ട്. 2019-ല്‍ നിങ്ങള്‍ നേടിയ നീറ്റ് യോഗ്യതയ്ക്ക് വിദേശ എം.ബി.ബി.എസ്. പഠനത്തിന് മൂന്ന് വര്‍ഷങ്ങളിലേക്ക് (2019, 2020, 2021 പ്രവേശനങ്ങള്‍) സാധുതയുണ്ട്. അതിനാല്‍, വിദേശ പഠനത്തിനായി ഈ വര്‍ഷം നീറ്റ് വീണ്ടും അഭിമുഖീകരിക്കേണ്ടതില്ല. പക്ഷേ, ഈ വര്‍ഷം ഇന്ത്യയില്‍ പ്രവേശനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ വര്‍ഷം വീണ്ടും നീറ്റ് എഴുതി യോഗ്യത നേടണം.

കേരളത്തിലാണ് ജനിച്ചത്. അഞ്ചാംക്ലാസ് മുതല്‍ തമിഴ്നാട്ടിലാണ് പഠിക്കുന്നത്. എനിക്ക് നീറ്റ് വഴി കേരളത്തില്‍ മെഡിക്കല്‍ പ്രവേശനത്തിന് അപേക്ഷിക്കാമോ ?
അപേക്ഷിക്കാം. അപേക്ഷാര്‍ഥിയോ, അപേക്ഷാര്‍ഥിയുടെ അച്ഛനോ, അമ്മയോ കേരളത്തിലാണ് ജനിച്ചതെങ്കില്‍ അപേക്ഷാര്‍ഥിയെ കേരളീയനായി പരിഗണിക്കും. കേരളത്തിലെ ജനനസ്ഥലം വ്യക്തമാക്കുന്ന നിശ്ചിത രേഖ കേരള പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്കു നല്‍കുന്ന അപേക്ഷയ്ക്കൊപ്പം നല്‍കിയാല്‍ മതി.

എയിംസ്, ജിപ്മര്‍ എന്നിവിടങ്ങളില്‍ എം.ബി.ബി.എസിന് അഖിലേന്ത്യാ ക്വാട്ട സീറ്റ് ഉണ്ടോ ?
ഉള്ളതായി ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ പറഞ്ഞിട്ടില്ല. ഈ സ്ഥാപനങ്ങളിലെ എം.ബി.ബി.എസ്. പ്രവേശനം സ്ഥാപനങ്ങളുടെ സംവരണ തത്ത്വങ്ങള്‍ പ്രകാരം, മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) നടത്തും. ഇപ്പോള്‍ ബനാറസ് ഹിന്ദു സര്‍വകലാശാല, അലിഗഢ് മുസ്‌ലിം സര്‍വകലാശാല, തുടങ്ങിയ കേന്ദ്ര സര്‍വകലാശാലകളിലെ അലോട്ട്മെന്റ് രീതിയിലാകും എയിംസ്, ജിപ്മര്‍ അലോട്ട്മെന്റ് നടത്തുക. 15 ശതമാനം 'അഖിലേന്ത്യാ ക്വാട്ട' ഇല്ലെങ്കിലും നിലവില്‍ നടത്തുന്നതു പോലെ, എയിംസിലെ എല്ലാ സീറ്റും അഖിലേന്ത്യാ തലത്തില്‍ നികത്തും. ജിപ്മറില്‍, അഖിലേന്ത്യാ സീറ്റുകളും പുതുശ്ശേരി സംവരണ സീറ്റുകളും ഉണ്ടാകും. നീറ്റ് ഫലം വന്നശേഷം എം.സി.സി. ഓപ്ഷന്‍ വിളിക്കുമ്ബോള്‍ അര്‍ഹതയുള്ള സീറ്റുകളിലേക്ക് ഓപ്ഷന്‍ കൊടുക്കണം.

കടപ്പാട്: മാതൃഭൂമി.കോം 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.