Header Ads

കീം 2020; അപേക്ഷ സമർപ്പിക്കാൻ ഇനി ഒരാഴ്ച മാത്രം



എൻജിനിയറിങ്‌, ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക്‌ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷകൾ, പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാനുള്ള അവസാന തീയതി  25.

അപേക്ഷകർ നേറ്റിവിറ്റി, ജനനത്തീയതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ  ഫെബ്രുവരി 25-നകം നിർബന്ധമായും ഓൺലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. നേറ്റിവിറ്റി, ജനനത്തീയതി എന്നിവ ഒഴികെയുള്ള മറ്റ് രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിന് 29, വൈകിട്ട്‌ അഞ്ചുവരെ സമയം ഉണ്ട്‌.

അഞ്ച്‌ സ്‌ട്രീമിലാണ്‌ പ്രവേശനമെങ്കിലും അപേക്ഷ ഒന്നുമതി. എൻജിനിയറിങ്‌, മെഡിക്കൽ, ഫാർമസി, ആർകിടെക്‌ചർ, മെഡിക്കൽ  അനുബന്ധം എന്നീ അഞ്ച്‌ സ്ട്രീമിലാണ്‌ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌. അർഹതയ്‌ക്ക്‌ വിധേയമായി ഒരു വിദ്യാർഥിക്ക്‌ എത്ര സ്‌ട്രീമിലേക്കും അപേക്ഷിക്കാം. പക്ഷേ, അപേക്ഷ ഒന്നേ നൽകാവൂ. താൽപ്പര്യമുള്ള സ്‌ട്രീമുകൾ തെരഞ്ഞെടുത്ത്‌ അപേക്ഷയിൽ രേഖപ്പെടുത്തണം.

അഞ്ച്‌ സ്‌ട്രീമിലേക്കാണ്‌ എൻട്രൻസ്‌ കമീഷണർ അപേക്ഷ വിളിച്ചിരിക്കുന്നതെങ്കിലും രണ്ട്‌ സ്‌ട്രീമിലേക്ക്‌ മാത്രമാണ്‌ പ്രവേശന പരീക്ഷ നടത്തുക. എൻജിനിയറിങ്ങിനും ഫാർമസിക്കുമാണ്‌ പ്രവേശന പരീക്ഷ. ഇതിൽ ഫാർമസി പരീക്ഷ എൻജിനിയറിങ്‌ പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പറായ ഫിസിക്‌സ്‌ ആൻഡ്‌ കെമിസ്‌ട്രിയാണ്‌. എൻജിനിയറിങ്‌ പ്രവേശനത്തിന്‌ അപേക്ഷിച്ചതുകൊണ്ടുമാത്രം ഫാർമസി പ്രവേശനത്തിന്‌ പരിഗണിക്കില്ല. ഫാർമസി സ്‌ട്രീം കൂടി അപേക്ഷിക്കുമ്പോൾ തെരഞ്ഞെടുത്താൽ മാത്രമേ എൻജിനിയറിങ്‌ പേപ്പർ ഒന്ന്‌ എഴുതിയാലും ഫാർമസിയിലേക്ക്‌ പരിഗണിക്കൂ.

അവസാന തീയതികൾ
ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25ന്‌ വൈകിട്ട്‌ അഞ്ചുവരെയാണ്. ഈ തീയതിക്കകം അപേക്ഷിക്കുന്ന വിദ്യാർഥിയുടെ ഫോട്ടോ (ആറു മാസത്തിനുള്ളിലെടുത്തത്), ഒപ്പ്, ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്ന രേഖ എന്നിവ 25ന്‌ വൈകിട്ട്‌ അഞ്ചിനകംതന്നെ അപ്‌ലോഡ് ചെയ്യണം.

 യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നതിന് 29 വൈകിട്ട്‌  അഞ്ചുവരെ അവസരം ഉണ്ട്‌. കൺഫർമേഷൻ പേജിന്റെ പകർപ്പോ രേഖകളോ തപാൽ മുഖേനെയോ, നേരിട്ടോ പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസിലേക്ക്‌ അയക്കേണ്ടതില്ല.

അപേക്ഷാ ഫീസ്‌
എൻജിനിയറിങ്‌ മാത്രം, ബി ഫാം മാത്രം, രണ്ടിനും കൂടി ജനറൽ വിഭാഗത്തിന്‌ 700 രൂപയും എസ്‌സി വിഭാഗത്തിന്‌ 300 രൂപയുമാണ്‌ അപേക്ഷാ ഫീസ്‌, ആർകിടെക്‌ചർ മാത്രം, മെഡിക്കൽ ആൻഡ്‌ അനുബന്ധംമാത്രം, രണ്ടിനും കൂടി ജനറൽ വിഭാഗത്തിൽ 500 ഉം എസ്‌‌സി വിഭാഗത്തിൽ 200 രൂപയുമാണ്‌ അപേക്ഷാ ഫീസ്‌. എല്ലാ വിഭാഗത്തിലും അപേക്ഷിക്കുന്നവർക്ക്‌ ഫീസ്‌ ജനറലിൽ 900 രൂപയും എസ്‌‌സി വിഭാഗത്തിൽ 400 രൂപയുമാണ്‌. എസ്‌സി വിഭാഗത്തിന്‌ ഒരു കാറ്റഗറിയിലും അപേക്ഷാ ഫീസ്‌ ഇല്ല.

ഓൺലൈൻ പേമെന്റ്‌, ഇ ചെലാൻ എന്നീ മാർഗങ്ങളിലൂടെ അപേക്ഷാ ഫീസ്‌ ഒടുക്കാം.  ഓൺലൈൻ അപേക്ഷിക്കുമ്പോൾ ലഭ്യമാകുന്ന ഇ-ചെലാൻ പ്രിന്റൗട്ട് ഉപയോഗിച്ച് കേരളത്തിലെ തെരഞ്ഞെടുത്ത പോസ്റ്റോഫീസുകളിൽ പണമായി അപേക്ഷാ ഫീസ് ഒടുക്കാം. പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. ദുബായ് പരീക്ഷാസെന്ററായി തെരഞ്ഞെടുത്തിട്ടുള്ളവർ:  അപേക്ഷാ ഫീസിനു പുറമെ അധിക ഫീസായി 12,000 രൂപ കൂടി ഓൺലൈനായി ഒടുക്കണം. കേരളത്തിലാണ് തുക അടയ്‌ക്കുന്നതെങ്കിൽ ഇ-ചെലാൻ മുഖേനയും സെന്റർ ഫീസ് ഒടുക്കാം. അപേക്ഷാ ഫീസ് തിരികെ ലഭിക്കില്ല.

ആർകിടെക്‌ചറിന്‌ നാറ്റ
ആർകിടെക്‌ചർ കോഴ്‌സിന്‌ ആർകിടെക്‌ചർ കൗൺസിലിന്റെ നാറ്റ സ്‌കോറാണ്‌ പരിഗണിക്കുക. എങ്കിലും കോഴ്‌സ്‌ പ്രവേശനത്തിന്‌ ഇപ്പോൾ അപേക്ഷിക്കണം.


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.