Latest

6/recent/ticker-posts

Header Ads Widget

സാംവാൾട്ടന്റെ ജീവിതം വായിച്ച് തള്ളാനുള്ളതല്ല, കോവിഡ് കാലത്ത് നമുക്ക് ഊർജ്ജം പകരാനുള്ളതാണ്.ലോകത്തിലെ ഒന്നാം നിര കമ്പനികളുടെ പട്ടികയില്‍ എക്കാലവും സ്ഥാനം പിടിച്ചിട്ടുള്ള പേരാണ് വാള്‍ മാള്‍ട്ടിന്‍റേത്.

ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ച് കറവക്കാരനായും ന്യൂസ്പേപ്പര്‍ ബോയ് ആയുമൊക്കെ ജോലി ചെയ്തിട്ടുള്ള സാം വാള്‍ട്ടണ്‍ എന്ന ഇരുപത്തിയാറു വയസ്സുകാരന്‍റ നിശ്ചയദാര്‍ഢ്യമാണ് റീട്ടെയ്ല്‍ ശൃംഖലകളുടെ ലോകത്തെ കുലപതിയാക്കി അദ്ദേഹത്തെ മാറ്റിയത്.


മിസ്സോറി യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എ. ഇക്കണോമിക്സ് പാസ്സായി ഇറങ്ങിയ സാംവാള്‍ട്ടണ്‍ കോഴ്സ് കഴിഞ്ഞിറങ്ങിയ മൂന്നാം ദിവസം ജെ.സി. പെനി എന്ന കമ്പനിയില്‍ മാനേജ്മെന്‍റ് ട്രെയ്നിയായി ചേര്‍ന്നു. പ്രതിമാസം എഴുപത്തിയഞ്ച് ഡോളറായിരുന്നു ആദ്യശമ്പളം.

സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ തന്‍റെ നേതൃത്വഗുണങ്ങള്‍ വളര്‍ത്തിയെടുക്കുവാന്‍ കിട്ടുന്ന ഒരവസരവും വാള്‍ട്ടണ്‍ പാഴാക്കാറില്ലായിരുന്നു.

കൊളംബിയായിലെ ഡേവിഡ് എച്ച്. ഹിക്ക്മാന്‍ ഹൈസ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ബെസ്റ്റ് സ്റ്റുഡന്‍റ് അവാര്‍ഡും വിഖ്യാതമായ ഈഗിള്‍ സ്കൗട്ട് അവാര്‍ഡും നേടിയ സാം വാള്‍ട്ടണ്‍ ഡിഗ്രിക്കു പഠിക്കുമ്പോള്‍ ക്ലാസ്സിന്‍റെ പ്രസിഡന്‍റായും തിരഞ്ഞെടുക്കപ്പെട്ടു. ഇക്കാലയളവില്‍ നേടിയെടുത്ത നേതൃത്വപാടവം പില്ക്കാലത്ത് ബിസിനസ്സ് മേഖലയില്‍ തന്നെ വളരെയധികം സഹായിച്ചുണ്ടെന്ന് ഇദ്ദേഹം പിന്നീട് അഭിപ്രായപ്പെട്ടിരുന്നു.

കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ കൊളംബിയ ഡെയ്ലി ട്രിബ്യൂണ്‍ എന്ന പത്രം വിതരണം ചെയ്തും, പശുവിനെ കറന്ന് പാല്‍ കസ്റ്റമേഴ്സിന്‍റെ വീട്ടിലെത്തിച്ചുമൊക്കെയാണ് സാം വാള്‍ട്ടണ്‍ പണം കണ്ടെത്തിയിരുന്നത്.

1942-ല്‍ ജോലി രാജിവെച്ച് മിലിട്ടറിയില്‍ ചേര്‍ന്ന വാള്‍ട്ടണ്‍ രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്‍ യു.എസ്. ആര്‍മിയുടെ ഇന്‍റലിജന്‍സ് കോര്‍പ്സിലാണ് സേവനമനുഷ്ഠിച്ചിരുന്നത്.

ഒരു സംരംഭകനാവുക എന്ന ആഗ്രഹം മിലിട്ടറിയില്‍ സേവനമനുഷ്ഠിച്ചു കൊണ്ടിരുന്നപ്പോഴും വാള്‍ട്ടനെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു.

അങ്ങനെയാണ് മിലിട്ടറിയിലെ ക്യാപ്റ്റന്‍ റാങ്കില്‍നിന്നും രാജിവെച്ച് 1945-ല്‍ സാം വാള്‍ട്ടണ്‍ തന്‍റെ ആദ്യത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ആരംഭിക്കുന്നത്. തന്‍റെ സമ്പാദ്യമായ 5000 ഡോളറും, ഭാര്യാപിതാവില്‍ നിന്നും കടം വാങ്ങിയ 20000 ഡോളറും കൂട്ടിച്ചേര്‍ത്ത് അര്‍ക്കന്‍സാസിലെ ന്യൂ പോര്‍ട്ടില്‍ വാള്‍ട്ടണ്‍ തന്‍റെ ആദ്യത്തെ ഷോപ്പ് വാങ്ങി. ബട്ട്ലര്‍ ബ്രദേഴ്സ് ചെയിനിന്‍റെ ഭാഗമായിരുന്ന ബെന്‍ ഫ്രാങ്ക്ളിന്‍ വെറൈറ്റി സ്റ്റോറായിരുന്നു അത്.

കുറഞ്ഞ വിലയും മികവുറ്റ സേവനവുമാണ് റീട്ടെയ്ല്‍ രംഗത്ത് ജൈത്ര യാത്രയ്ക്ക് തുടക്കമിടുവാന്‍ സാം വാള്‍ട്ടനെ സഹായിച്ചത്. അദ്ദേഹത്തിന്‍റെ ഓരോ ഷോപ്പും കസ്റ്റമേഴ്സിന് ആവശ്യമുള്ള ഉല്പന്നങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. ഷോപ്പിംഗ് ഒരു അനുഭവമായി മാറ്റുവാനാണ് അദ്ദേഹം ശ്രമിച്ചത്. ഒരിക്കല്‍ വന്ന കസ്റ്റമേഴ്സ് വീണ്ടും വീണ്ടും വരുവാന്‍ ഇത് കാരണമായി.

വെറും 80 ഡോളറിന്‍റെ കച്ചവടം നടന്നിരുന്ന സ്ഥാനത്തുനിന്ന് 2,25,000 ഡോളറിന്‍റെ കച്ചവടത്തിലേക്ക് മൂന്നു വര്‍ഷത്തിനുള്ളില്‍ തന്‍റെ സ്ഥാപനത്തെ നയിക്കുവാന്‍ വാള്‍ട്ടനെ സഹായിച്ചത് ഇത്തരത്തില്‍ ഉപഭോക്താവിനെ മുന്‍നിര്‍ത്തിയുള്ള ബിസിനസ്സ് തന്ത്രങ്ങളായിരുന്നു.

ഉപഭോക്താവിനെ രാജാവിനെപ്പോലെ കരുതുന്നതിനൊപ്പം ജീവനക്കാരെയും ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞതാണ് സാം വാള്‍ട്ടന്‍റെ മറ്റൊരു വിജയരഹസ്യം.

ജീവനക്കാരെ കമ്പനിയുടെ ഓഹരിയെടുക്കാന്‍ അദ്ദേഹം പ്രേരിപ്പിച്ചു. ലാഭവിഹിതം ഓഹരിയുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് പങ്കുവച്ചു നല്കുകയും ചെയ്തു. ഇത് തങ്ങളുടെ സ്വന്തം സ്ഥാപനത്തിനു വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന ബോധം അവരില്‍ വളര്‍ത്തിയെടുക്കുവാന്‍ സഹായകരമായി. കമ്പനിയെക്കുറിച്ചുള്ള തന്‍റെ വിഷന്‍ ഓരോ മീറ്റിംഗുകളിലും അദ്ദേഹം ജീവനക്കാരുമായി പങ്കുവെച്ചു.

ഇന്നു കാണുന്ന വളര്‍ച്ചയിലേക്ക് വാള്‍മാര്‍ട്ട് എത്തിയതിനു പിന്നില്‍ കഠിനാധ്വാനത്തിനൊപ്പം കസ്റ്റമേഴ്സിന്‍റെയും, ജീവനക്കാരുടെയും നന്മ മുന്നില്‍ കണ്ടുള്ള ദീര്‍ഘ വീക്ഷണവും ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

വാള്‍മാര്‍ട്ട് എന്ന പേരിലേക്ക് റീട്ടെയ്ല്‍ ശൃംഖല മാറുന്നത് 1962 ലാണ്.


അര്‍ക്കന്‍സാസിലെ റോജേഴ്സിലാണ് തന്‍റെ നാല്പത്തിനാലാം വയസ്സില്‍ ആദ്യത്തെ വാള്‍മാര്‍ട്ട് ഷോപ്പിന് സാം വാള്‍ട്ടണ്‍ തുടക്കം കുറിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കമ്പനികളുടെ പട്ടികയായ ഫോര്‍ച്യൂണ്‍ 500 റാങ്കിംഗില്‍ പല വര്‍ഷങ്ങളായി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന വാള്‍മാര്‍ട്ട് ഇന്ന് അമേരിക്കയുടെ അതിര്‍വരമ്പുകള്‍ പിന്നിട്ട് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് കടന്നുവരികയാണ്. 
തന്‍റെ സാമീപ്യം ബിസിനസ്സ് ഷോപ്പുകളില്‍ ആവശ്യമാണെന്ന് മനസ്സിലാക്കിയ സാം വാള്‍ട്ടണ്‍ ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളില്‍ തന്നെ യാത്രാ സമയം ലാഭിക്കുവാന്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് എയ്റോപ്ലെയിന്‍ വിലയ്ക്കു വാങ്ങിയിരുന്നു. തുടര്‍ന്ന് മകന്‍ ജോണിനൊപ്പം പൈലറ്റ് ലൈസന്‍സ് എടുത്ത സാം വാള്‍ട്ടണ്‍ ആയിരിക്കണക്കിന് മൈലുകളാണ് കുടുംബബിസിനസ്സ് വ്യാപിപ്പിക്കുന്നതിനു വേണ്ടി വിമാനം പറത്തിയത്.

എതിരാളിയേക്കാള്‍ എന്നും ഒരു പടി മുന്നില്‍ കസ്റ്റമേഴ്സിന്‍റെ ആവശ്യങ്ങള്‍ക്ക് കാതോര്‍ത്താല്‍ ബിസിനസ്സില്‍ വിജയം സുനിശ്ചിതമെന്നാണ് സാം വാള്‍ട്ടണ്‍ അഭിപ്രായപ്പെടുന്നത്.

പാരമ്പര്യമോ, സാമ്പത്തിക സ്ഥിതിയോ, കുടുംബമഹിമയോ, ഒന്നും ബിസിനസ്സില്‍ വിജയം നേടുന്നതിന് വിഘാതമാവില്ലെന്നാണ് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയായ വാള്‍മാര്‍ട്ടിന്‍റെ സ്ഥാപകന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.

1992 ഏപ്രില്‍ 5-ന് കാന്‍സറിന് കീഴടങ്ങി മരണമടയുമ്പോള്‍ വാള്‍മാര്‍ട്ട് ശൃംഖല 1735 സ്റ്റോറുകളായി വളര്‍ന്നിരുന്നു. 3,80,000 ജീവനക്കാരാണ് അക്കാലത്ത് വാള്‍മാര്‍ട്ടിനുണ്ടായിരുന്നത്.

വാൾമാർട്ട് മുതലാളിയെപ്പോലെ ചരിത്രം നിങ്ങൾക്കും സൃഷ്ടിച്ച് കൂടെ?

മുജീബുല്ല KM
സിജി ഇൻ്റർനാഷനൽ കരിയർ ടീം